ഇന്ന്
നാഗര്‍ കോവിലിനടുത്തുള്ള തക്കലയില്‍ എന്‍റെ ഒരു സുഹൃത്തിനെ കാണുന്നതിന് വേണ്ടി
പോയപ്പോള്‍, ബസ്റ്റാന്‍റിന് സമീപം ഒരു അമ്മ കുറച്ച് പച്ചക്കറികള്‍ വില്‍ക്കുന്നതാണ്
ചിത്രത്തില്‍.
നമ്മുടെ നാട്ടില്‍ വളരെയധികം കാണുന്ന കുടങ്ങല്‍ എന്ന ചെടിയാണ് ചിത്രത്തില്‍
വലത് ഭാഗത്ത് കാണുന്നത്. ഇവിടെ തമിഴ് നാട്ടില്‍ ഇത് വല്ലാരൈ കീരയാണ്. തൊട്ടടുത്ത്
ഇരിക്കുന്നതാകട്ടെ നമ്മള്‍ തൊഴിലുറപ്പ്
പദ്ധതിയില്‍ ഉള്‍പ്പെടുത്തിയും അല്ലാതെയുമായി പറമ്പില്‍ നിന്ന് പറിച്ച് കളയുന്ന
പൊന്നാംകണ്ണി എന്ന ഇനം ചെടിയാണ്. അതിനെ
പറ്റി ചോദിച്ചപ്പോള്‍ ആ അമ്മ അതിന്റെ ഔഷധ ഗുണങ്ങളെ പറ്റി വാചാലയായി. വയറു വേദനയില്‍
തുടങ്ങി തൈറോയിടും ക്യാന്‍സറുമെല്ലാം അമ്മയുടെ നാടന്‍ തമിഴ് ഭാഷണത്തില്‍ കടന്നു വരുന്നുണ്ടായിരുന്നു..
സാധാരണ ചീര പോലെ തേങ്ങ ചേര്‍ത്ത് കറി
വെച്ചാല്‍ മതിയാകുമെന്ന് പറഞ്ഞ് ആ നാടന്‍ അറിവുകളുടെ മുത്തശ്ശി നിര്‍ത്തി.
നമ്മള്‍
മലയാളികള്‍ക്ക് ചീരയെന്നാല്‍ ഒരു ചുവന്ന ചീരയോ പരമാവധി പോയാല്‍ പച്ച നിറത്തിലുള്ള പച്ച
ചീരയോ പാലക്ക് ചീരയോ മാത്രമാണ്. ചന്ദ്രനില്‍ ചെന്നാല്‍ അവിടേയും ഒരു മലയാളി കാണുമെന്ന്
ഒരു ചൊല്ലുണ്ട്. ഇങ്ങിനെ വീണിടം വിഷ്ണുലോകമാക്കുന്ന മലയാളി കേരളം വിട്ടാല്‍ പിന്നെ
പോകുന്ന ഇടത്തെ ആളാകും. അവിടുത്തെ ഭക്ഷണവും ആചാരങ്ങളും നമുക്ക് ശീലമാകും. നമ്മുടെ
അയല്‍ സംസ്ഥാനമായ തമിഴ്നാട്ടിലെ ചന്തകളില്‍ നിറയുന്നത് പൊന്നാംകണ്ണി ചീരയും, മുരിങ്ങയിലയും, തൂതുവളയും, ഉലുവ ചീരയുമെല്ലാമാണ്. വീടിന്
പുറത്തിറങ്ങി പത്തു അടി വെച്ചാല്‍ കാണാവുന്ന മുരിങ്ങയില നമ്മള്‍ കഴിച്ചിട്
എത്രകാലം ആയിട്ടുണ്ടാവും എന്ന് നമ്മളൊന്നു ആലോചിക്കേണ്ടതുണ്ട്. നമ്മുടെ കുട്ടികളോട് ഇലക്കറികള്‍ ധാരാളം
കഴിക്കണമെന്ന് ഉപദേശിക്കുകയും എന്നാല്‍ ബര്‍ഗറിന്റെ നടുവിലുള്ള ഇല
മാത്രമായിരിക്കും ഇന്ന് അവര്‍ കഴിക്കുന്ന ഏക ഇല.
ചീരകള്‍
പലതരം വിറ്റമിനുകളുടെയും ഫൈബറിന്‍റെയും
ഒരു കലവറയാണ്. കാഴ്ച ശക്തിക്കും, വൃക്കകളുടെ ആരോഗ്യത്തിനും, നല്ല ദഹനത്തിനും ചീരകള്‍
നല്ലതാണെന്ന് എല്ലാവര്‍ക്കുമറിയാം എന്നാല്‍ പല ചീരകളും വിളര്‍ച്ച്യ്ക്കും മുടി
കൊഴിച്ചിലിനും അതുപോലെ മറ്റ് പല രോഗങ്ങള്‍ക്കും അത്യുത്തമമായ ഔഷധമാണെന്ന് ചുരുക്കം
ചിലര്‍ക്ക് മാത്രം അറിയാവുന്ന രഹസ്യമാണ്.
താളി മുരിന്കൈ തഴൈ തൂതളൈ
വാളി അറു കീരൈ നെയ് വാര്‍ത്തുണില്‍.....
ചീരകളെ പറ്റി സിദ്ധയിലെ ഒരു പരാമര്‍ശമാണിത്. പല ചീരകളും രോഗ പ്രതിരോധത്തിനും
രോഗ ശമനത്തിനും ദിവസേനയുള്ള ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതിനായി സിദ്ധ ശാസ്ത്രം
അനുശാസിക്കുന്നുണ്ട്.. വേലി ചീരയും മധുര ചീരയും വശള ചീരയും പന്നി ചീരയും നെയ്
ചീരയും എല്ലാം മലയാളികള്‍ക്ക് അന്യമായികൊണ്ടിരിക്കുകയാണ്. ഒരു ഓര്‍മ്മപ്പെടുത്തലിന്റെ
ആവശ്യമുണ്ടെന്ന് തോന്നുന്നു.
No comments:
Post a Comment
Enter your query here.....